ദേശീയ സീനിയർ വോളി ചാമ്പ്യൻഷിപ്പിന്റെ പ്രചരണ ഭാഗമായി കൊടക്കാട് നാരായണ സ്മാരക സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ഗ്രാമം വോളി യോടനുബന്ധിച്ച് സംഘടിപ്പിച്ച മുൻ വോളി താരങ്ങളുടെ സംഗമം പുതു തലമുറക്ക് വേറിട്ട അനുഭവമായി.
1952 ൽ രൂപീകൃതമായ കൊടക്കാട് നാരായണ സ്മാരക ഗ്രന്ഥാലയത്തിന്റെ പ്രവൃത്തകർ നാടിന് സ്വന്തമായി ഒരു കായിക വിനോദം വേണമെന്ന് തീരുമാനിച്ചാണ് വോളിബോൾ കളിച്ച് തുടങ്ങിയത്.കൊടക്കാട് പണയക്കാട്ട് ഭഗവതി സ്ഥാനത്തിന് സമീപമായിരുന്നു പ്രദേശത്തെ ആദ്യ വോളി കോർട്ട്. ബ്രദേഴ്സ് ക്ലബ് എന്ന പേരിൽ അവിടെ ദീർഘകാലം വോളിബോൾ കളിച്ചിരുന്നു. പിന്നിട് 1974ൽ നാരായണ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് രൂപികരിച്ച് പ്രവൃത്തനം ആരംഭിച്ചതോടെ കൊടക്കാടിന്റെ വോളി മഹിമ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മിക്ക പ്രദേശത്തും അറിഞ്ഞ് തുടങ്ങിയതായി പഴയ കാല താരങ്ങൾ പറഞ്ഞു. കൊടക്കാടിന് വോളിബോൾ എന്നത് കായിക വിനോദം എന്നതിനപ്പുറം ജീവിതോപാധി കൂടിയാണെന്നും, കായികക്ഷമത നേടിയതിലൂടെ കരസേന, നാവിക സേന, വ്യോമസേന എന്നീ വിഭാഗങ്ങളിലും കേരള സർക്കാർ ഓഫീസിലുമായി പണ്ട് മുതലേ നിരവധി പേർക്ക് ജോലി ലഭിക്കാറുണ്ടെന്നും അവർ പറഞ്ഞു. ഇന്ത്യൻ കരസേനയിലും കേരള പോലീസിലും മാത്രമായി നൂറിൽ പരം കായിക താരങ്ങൾക്ക് ഈ വോളി ഗ്രൗണ്ടിലൂടെയുള്ള പരിശീലനത്തിലൂടെ ജോലി നേടാനായത് നാടിന്റെ യും നാരായണ സ്മാരക സ്പോർട് കളിന്റെ യും വലിയ നേട്ടമാണെന്നും പഴയ കാല താരങ്ങൾ ഓർമ്മിപ്പിച്ചു. തങ്ങൾ തുടങ്ങി വെച്ച കൊടക്കാടിന്റെ ഈ വോളി പാരമ്പര്യം കൂടുതൽ കരുത്തലോടെ എല്ലാ കാലത്തും നിലനിർത്തണമെന്നും പഴയ താരങ്ങളെല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.
ഗ്രന്ഥാലയം സ്ഥാപകസാരഥി കോട്ടേൻ കുഞ്ഞിരാമൻ മാസ്റ്റർ, കെ.നാരായണൻ കൂക്കാനം, കെ.ജി കൊടക്കാട്, എം.വി.ഗോവിന്ദൻ മാസ്റ്റർ, കോട്ടേൻ ഗോപാലൻ, പി.കെ നാരായണൻ എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. മികച്ച കായിക സംഘാടകനും വോളി താരവും അദ്ധ്യാപക ശ്രേഷ്ഠനുമായിരുന്ന മേച്ചേരി രാഘവൻ മാസ്റ്ററെ ചടങ്ങിൽ അനുസ്മരിച്ചു. കെ.നാരായണൻ മാസ്റ്റർ ആദ്യകാലതാരങ്ങളെ പരിചയപ്പെടുത്തി.നീലേശ്വരം ബ്ലോക്ക് പ്രസിഡണ്ട് വി.പി. ജാനകി ഉപഹാരം നൽകി ആദരിച്ചു. പി.കെ മധു, കെ.പി.ധനരാജ് എന്നിവർ സംസാരിച്ചു.
എന്നും വോളിബോൾ ആരവമുയരുന്ന ജില്ലയിലെ 12 ഗ്രാമങ്ങളെ പ്രതിനിധീകരിച്ച് 12 ക്ലബ് ക ളാ ണ് കൊടക്കാട് ഗ്രാമം വോളിയിൽ മത്സരിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിലായാണ് സെമി ഫൈനൽ മത്സരങ്ങൾ . ക്ലബ്ബിന്റെ ആദ്യ വനിതാ വോ ളി ടീമംഗങ്ങളെയും ഇതോടനുബന്ധിച്ച് അനുമോദിക്കും. ഫൈനൽ ദിവസമായ ഞായറാഴ്ച വനിതാ വോളി പ്രദർശന മത്സരവും നടക്കും.
നിരവധി തവണ ജില്ലാ ചാമ്പ്യൻമാരായ എൻ.എസ്.എസ്.സി കൊടക്കാട് സംസ്ഥാന ചാമ്പ്യൻഷിപ്പ് അടക്കം ചെറുതും വലുതുമയി ഒട്ടേറെ വോളി ടൂർണ്ണമെന്റ് സംഘടിപ്പിച്ചിട്ടുണ്ട്.
No comments:
Post a Comment