Wednesday 18 July 2018

കളിക്കൊപ്പം കാര്യവും ചേർത്ത് കൊടക്കാട് "ഗോൾ ഫ്രം റഷ്യ"..............

കാൽപന്ത് കളിയുടെ ഉത്സവ കാലം കുട്ടികളുടെ പഠനാനുഭവങ്ങളുമായി സമന്വയിപ്പിച്ച് കൊടക്കാട്ട് "ഗോൾ ഫ്രം റഷ്യ". ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന്റെ ഭാഗമായി കൊടക്കാട് നാരായണ സ്മാരക ഗ്രന്ഥാലയം യുവജനവേദിയും സ്പോർട്സ് ക്ലബ്ബും ചേർന്നാണ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്കായി ലോകകപ്പും ലോകവും എന്ന വിഷയത്തെ ആസ്പദമാക്കി ഗോൾ ഫ്രം റഷ്യ എന്ന പുതുമയാർന്ന പരിപാടി സംഘടിപ്പിച്ചത്. ലോകകപ്പ് ഫുട്ബോളിനെ കുട്ടികളുടെ പാഠ്യപദ്ധതിയിലെ ഐ ടി, ഗണിതം, സാമൂഹ്യ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളുമായി കൃത്യമായി ബന്ധിപ്പിച്ച് കൊണ്ടാണ് ഗോൾ ഫ്രം റഷ്യ മത്സരം നടന്നത്. ലോകകപ്പിൽ മത്സരിക്കുന്ന മുപ്പത്തിരണ്ട് ലോക രാജ്യങ്ങളെ കുറിച്ചും, അവ ഉൾപ്പെടുന്ന വൻകരകളെ കുറിച്ചും, അവിടുത്തെ ജീവിത രീതി, ആളോഹരി വരുമാനം, ഭൂവിസ്തൃതി, രാജ്യങ്ങളുടെ സ്വാതന്ത്ര്യം, സമയ വ്യത്യാസങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം മത്സരത്തിൽ ചർച്ചാ വിഷയമായി.ഐ.ടി പാഠ്യപദ്ധതിയുമായി ബന്ധപ്പെടുത്തി മൾട്ടിമീഡിയ രീതിയിലാണ് മത്സരം നടന്നത്.ഗിരീഷ്‌ കുമാറും ദീപേഷ് കുറുവാട്ടും ചേർന്ന് മത്സരങ്ങൾ നിയന്ത്രിച്ചു. കണ്ണൂർ-കാസർഗോഡ് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഹയർ സെക്കന്ററി വിദ്യാലയങ്ങൾ പങ്കെടുത്ത മത്സരത്തിൽ ജി.ച്ച് എസ് എസ് പിലിക്കോടിന് ഒന്നാം സ്ഥാനവും, ജി.എച്ച്.എസ്.എസ്.കണ്ട ങ്കാളിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.വെള്ളൂർ ഗവ:ഹയർ സെക്കന്ററി സ്കൂളിനാണ് മൂന്നാം സ്ഥാനം.കേരളം പോലെ പ്രായഭേദമില്ലാതെ ഫുട്ബോൾ ആരാധകരുള്ള മറ്റൊരു സംസ്ഥാനം ഇന്ത്യയിലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും, ഫുട്ബോൾ ആരാധകരുടെ ജന സാന്ദ്രത കണക്കാക്കാൻ സാധിച്ചാൽ കേരളം ലോകത്തിന് തന്നെ മുന്നിലായിരിക്കുമെന്നും ഗോൾ ഫ്രം റഷ്യ പരിപാടി ഓർമ്മിപ്പിച്ചു. വിജയികൾക്ക് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.നാരായണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് കെ.പി.ധനരാജ് അദ്ധ്യക്ഷത വഹിച്ചു.പ്രവീൺ മേച്ചേരി, നിഥിൻ രാജ് ടി, എന്നിവർ സംസാരിച്ചു. അക്ഷയ് ദാസ്, ജിനീഷ്, അനൂജ് പി ടി എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.



No comments:

Post a Comment