Wednesday, 18 July 2018

വെറ്ററൻസ് ഫുട്ബോൾ മത്സരം

വോളിബോൾ പെരുമയിലൂടെ ജില്ലക്കകത്തും പുറത്തും ശ്രദ്ധേയമായ കൊടക്കാട് എന്ന വോളി ഗ്രാമത്തിലും ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന്റെ ആവേശം ഒട്ടും കുറയുന്നില്ല.കൊടക്കാട് നാരായണ സ്മാരക ഗ്രന്ഥാലയം യുവജനവേദിയുടെയും സ്പോർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിലാണ് പഴയ കാല താരങ്ങളെയും പ്രവർത്തകരെയും അണിനിരത്തി വെറ്ററൻസ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്. ക്ലബ്ബിന്റെ സ്ഥാപക സെക്രട്ടറി പി.കെ.മാധവന്റെയും പ്രസിഡന്റ് പി.വി.ചന്ദ്രശേഖരന്റെയും നേതൃത്വത്തിൽ ഇറങ്ങിയ ബ്രസീൽ- അർജന്റീന സൗഹൃദ വെറ്ററൻസ് ഫുട്ബോൾ മത്സരത്തിനാണ് കൊടക്കാട് നാട് വേദിയായത്. 1986 ലെ മെക്സിക്കൻ ലോകകപ്പ് ഫുട്ബോൾ മത്സരമാണ് ഈ നാട് സംഘം ചേർന്ന് ആദ്യമായി ടെലിവിഷനിലൂടെ കണ്ട് തുടങ്ങിയത്. ക്ലബ്ബിന്റെ മുൻ പ്രസിഡണ്ട് പി.കെ നാരായണന്റെ വീട്ടിലായിരുന്നു ആ സൗകര്യം ഒരുക്കിയിരുന്നത്. ഫൈനൽ മത്സരത്തിൽ ജർമ്മനിയെ തകർത്ത് അർജന്റീന ലോക ചാമ്പ്യന്മാരായ ധന്യ മുഹൂർത്തവും ഫുട്ബോൾ ഇതിഹാസം മറഡോണയുടെയുടെ മാസ്മരിക പ്രകടനങ്ങൾ 1986 ൽ ടെലിവിഷനിലൂടെ ഒരുമിച്ചിരുന്ന് ആസ്വദിച്ചതും പഴയ കാല കളിക്കാർ പങ്ക് വെച്ചു.അർജന്റീനൻ ടീമിനോടുള്ള അടുപ്പം കാരണമാണ് എൻ.എസ്.എസ്.സി. കൊടക്കാട് എന്ന വോളി ടീമിന്റെ ആദ്യ ജഴ്സിയുടെ നിറം അർജന്റീനൻ ടീമിന്റെ സാദൃശ്യത്തിൽ തയ്യിച്ചതെന്നും ഇവർ ഓർമിപ്പിച്ചു. വോളിബോളിൽ നിരവധി സംസ്ഥാന യൂനിവേഴ്സിറ്റി താരങ്ങളെ വളർത്തിയെടുത്ത കൊടക്കാട് നാരായണ സ്മാരക സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ എല്ലാവർഷവും മഴക്കാല സീസണിൽ ഫുട്ബോൾ കളിക്കാറു ണ്ട്.ഇത് വോളി താരങ്ങളുടെ കായിക ക്ഷമതയെ വർദ്ധിപ്പിക്കാൻ ഏറെ പ്രയോജനപ്പെടുന്നു. മൂന്ന് പതിറ്റാണ്ടിന് ശേഷം നാട് നാടും നഗരവും മറ്റൊരു ലോകകപ്പ് ഫുട്ബോൾ ആവേശത്തിലാകുമ്പോൾ പഴയ കാല താരങ്ങൾ ഗ്രൗണ്ടിലിറങ്ങി മത്സരിച്ചപ്പോൾ പുതു തലമുറയ്ക്കത് ദൃശ്യവിസ്മയമായി.നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.നാരായണൻ കളിക്കാർക്കുള്ള ജഴ്സിയും സമ്മാനങ്ങളും വിതരണം ചെയ്തു.പി.കെ.മധു, കെ.പി.ധനരാജ്, ടി. നിഥിൻ രാജ്, ജ്യോതിഷ് വി.വി എന്നിവർ സംസാരിച്ചു. യുവജനവേദി പ്രവൃത്തകരായ ഒ. ലതീഷ്, പ്രജിത്ത് പള്ളിയത്ത്, രഞ്ജിത്ത് ഒ, അക്ഷയ് ദാസ് , എന്നിവർ മേളയ്ക്ക് നേതൃത്വം നൽകി.......... .......

No comments:

Post a Comment